സൗഹൃദം

Published on April 18 2017

' ഇനി എന്നാണ് കാണുക?' നിറഞ്ഞു നിന്ന കണ്ണിൽ നിന്ന് ഒരു തുള്ളി അടർന്നു വീണു കഴിഞ്ഞിരുന്നു. ഒരു വലിയ ശേഖരത്തിൻറെയാണ് അണപൊട്ടിയത്. എല്ലാം തകർത്തെറിഞ്ഞിട്ടേ ഇനിയാ കുത്തൊഴുക്ക് നിലയ്ക്കുകയുള്ളുവെന്ന് അറിയാമായിരുന്നുവെങ്കിലും ഇരു കൈകളും വീണ്ടും വീണ്ടും നനഞ്ഞുകൊണ്ടേയിരുന്നു. കണ്ണീരിൽ കുതിർന്നു ഇല്ലാതായ ഒരുയാത്രയയപ്പു കൂടി. നിറകണ്ണിലെ ജല കണികകൾ ആ മുഖം ഒരിക്കൽ കൂടി കാണാൻ പോലും അനുവദിച്ചില്ല. ഒരു ഇരമ്പലോടെ ആ മനസ് അകന്ന് പോയി.മരവിച്ചു നിന്ന ആ നിമിഷത്തിനു യുഗങ്ങളേക്കാൾ നീളമുണ്ടായിരുന്നു, നഷ്ടത്തിന്റെ കണക്കുകൾക്ക് ആകാശത്തേക്കാൾ ഉയരമുണ്ടായിരുന്നു. ആ മരവിപ്പിൽ നിന്ന് ഉണർത്തിയത് തോളിൽ തട്ടിയ ആരുടെയോ കൈയാണ്. കണ്ണ് തുടച്ചു തിരിഞ്ഞു നോക്കിയപ്പോൾ ഒരു പുഞ്ചിരിയാണ് വരവേറ്റത്. തിരിച്ചു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ' എന്നെ മനസ്സിലായോ? ' എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ - അതിലധികം ഒന്നും പറയാനില്ല. " സാരമില്ല, നാളെത്ര കഴിഞ്ഞു! ഒരൊമ്പതു വര്ഷം മുൻപത്തെ സൗഹൃദം ആണ്. " ഇപ്പോഴാണ് ഓര്മ വന്നത്, പണ്ട് വിദ്യാലയ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഒപ്പം ഉണ്ടായിരുന്നവൾ. ഞങ്ങളുടെ കാൽചുവടുകൾക്ക് ഒരേ താളമായിരുന്നു. ഒരിക്കലും വഴി പിരിയുമെന്നു കരുതിയതല്ല.അവളുടെ പേരിനേക്കാളും മുൻപ് മനസ്സിൽ തെളിഞ്ഞത് വര്ഷങ്ങള്ക്കു മുൻപത്തെ ഇതുപോലൊരു സായാഹ്നമാണ്. ജീവിതത്തിൽ ഇനി ഒപ്പം ഉണ്ടാവില്ലെന്ന് ഉറപ്പായ നിമിഷം, കെട്ടിപ്പിച്ചു പൊട്ടിക്കരഞ്ഞ നിമിഷം, എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. ജീവിതം തന്നെ വ്യർത്ഥമാണെന്ന് തോന്നിയ ആ മാത്രയിൽ നിന്ന് കണ്ടാലറിയാത്തത്ര അകന്ന ഇന്നിലേക്ക് ഇത്ര ചെറിയ ദൂരമേ ഉണ്ടായിരുന്നുള്ളുവെന്ന് അറിഞ്ഞിരുന്നേയില്ല.!!  അവസാനമായി അടർന്നു വീണ കണ്ണുനീരിൻറെ ചൂടേറ്റ് ഞാൻ തിരിഞ്ഞു നോക്കി, അകന്നുകൊണ്ടിരുന്ന ഇരമ്പലിൻറെ ആരവം താഴ്ന്നു വരുന്നുണ്ടായിരുന്നു.

Written by Malavika E

Repost0
To be informed of the latest articles, subscribe:
Comment on this post